പ്രമേഹം നിയന്ത്രിച്ചുകൊണ്ടുപോകുന്നതില്‍ സമ്മര്‍ദമില്ലാത്ത ജീവിതത്തിന് വലിയ പങ്കുണ്ട്. സമ്മര്‍ദ്ദത്തിലാകുമ്പോള്‍ രക്തത്തിലെ ഗ്ലൂക്കോസ് നില ഉയരുന്നു. ഇതോടെ ശാരീരികമായും മാനസികമായും പ്രമേഹ രോഗിക്ക് വല്ലാത്തൊരു അസ്വസ്ഥതയോ, തളര്‍ച്ചയോ അനുഭവപ്പെടുന്നു.
ടൈപ് 2 പ്രമേഹം ഉള്ള ആളുകള്‍ വൈകാരികമായി സമ്മര്‍ദ്ദം അനുഭവിക്കുമ്പോള്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടും. അതേസമയം ഇതേ സാഹചര്യത്തോട് ടൈപ് 1 പ്രമേഹം ഉള്ളവര്‍ വ്യത്യസ്തമായിട്ട് ആയിരിക്കും പ്രതികരിക്കുക. ഇവരുടെ രക്തത്തിലെ ഗ്ലൂക്കോസ് നില ചിലപ്പോള്‍ ഉയരാനും ചിലപ്പോള്‍ താഴാനും സാധ്യതയുണ്ട്. അപകടം പോലുള്ള ശാരീരിക സമ്മര്‍ദ്ദം മൂലവും രക്തത്തിലെ പഞ്ചസാരയുടെ അളവ് ഉയരാം.
പ്രമേഹ രോഗികളില്‍ പൊതുവായി കാണുന്ന ഒന്നാണ് സമ്മര്‍ദ്ദം. കഴിക്കുന്ന ഭക്ഷണത്തില്‍ പോലും ശ്രദ്ധിക്കേണ്ടിവരുന്നത് പലപ്പോഴും പ്രമേഹരോഗിക്ക് വെല്ലുവിളിയായി തോന്നിയേക്കാം. പ്രത്യേകിച്ച് പ്രമേഹത്തിന്റെ ആദ്യ നാളുകളില്‍.
ഭാവിയില്‍ തന്റെ ആരോഗ്യസ്ഥിതി എന്താകും എന്ന ഉത്കണ്ഠ മുതല്‍
ഷുഗര്‍ കുറഞ്ഞുപോകുമോ എന്ന ടെന്‍ഷന്‍ വരെയുണ്ടാകും. ജോലി സ്ഥലത്തെ പ്രശ്നങ്ങള്‍ മുതല്‍ പെട്ടെന്ന് നേരിടേണ്ടിവരുന്ന ചെറിയ ചെറിയ പ്രതിസന്ധികളും അപകടങ്ങളും വരെ സമ്മര്‍ദ്ദത്തിന് കാരണമാകാറുണ്ട്.
സാമ്പത്തിക പ്രശ്നങ്ങളും ബന്ധങ്ങളിലെ ഉലച്ചിലുമൊക്കെ ചിലരെ വലിയ സമ്മര്‍ദ്ദത്തിലേക്ക് നയിക്കും. ഇതുമൂലം ശാരീരികവും വൈകാരികവും മാനസികവുമായ ബുദ്ധിമുട്ടുകള്‍ നേരിടേണ്ടിയും വരാം. പല ആളുകളും പല രീതിയിലാണ് സമ്മര്‍ദ്ദത്തെ നേരിടുന്നത്.
ഇത്തരം ഉത്കണ്ഠകള്‍ ഇടയ്ക്കിടെ മാത്രമേ നിങ്ങളെ അലട്ടുന്നുള്ളൂവെങ്കില്‍ ഒരു പരിധിവരെ കാര്യങ്ങള്‍ നിയന്ത്രണവിധേയമാണ്. മാനസികമോ ശാരീരികമോ ആയ സമ്മര്‍ദ്ദം നേരിടുന്ന പ്രമേഹ രോഗി തീര്‍ച്ചയായും ചികിത്സിക്കുന്ന ഡോക്ടറോട് കാര്യങ്ങള്‍ വിശദീകരിച്ച് ശരിയായ ഉപദേശം തേടേണ്ടത് അനിവാര്യമാണ്.
പ്രമേഹം നിയന്ത്രിച്ചുകൊണ്ടുപോകുന്നതില്‍ ഭക്ഷണത്തിനും വ്യായാമത്തിനും മരുന്നിനുമൊക്കെ പങ്കുള്ളതുപോലെ തന്നെയാണ് സമ്മര്‍ദമില്ലാതെ ജീവിക്കുക എന്നുള്ളതും. മനസ് എപ്പോഴും സന്തോഷത്തോടെ ഇരിക്കാന്‍ ഒരു പ്രമേഹ രോഗി ശ്രദ്ധിക്കേണ്ടതുണ്ട്.