ഭോപ്പാല്‍: മധ്യപ്രദേശില്‍ രാത്രി ട്രെയിനില്‍ യാത്ര ചെയ്ത സ്ത്രീയെ അപമാനിച്ച രണ്ട് കോണ്‍ഗ്രസ് എംഎല്‍എമാര്‍ക്കെതിരേ കേസെടുത്തു.
രേവ-ഹബീബ്ഗഞ്ച് റേവാഞ്ചല്‍ എക്സ്പ്രസില്‍ കൈക്കുഞ്ഞുമായി യാത്ര ചെയ്യുകയായിരുന്ന യുവതിയാണ് അപമാനം നേരിട്ട വിവരം ഫോണില്‍ ഭര്‍ത്താവിനോട് വിളിച്ചു പറഞ്ഞത്.
സ്ത്രീയുടെ ഭര്‍ത്താവ് സഹായത്തിനായി ട്വീറ്റ് ചെയ്യുകയും സാഗറിലെ റെയില്‍വേ പോലീസ് ട്രെയിനില്‍ കയറുകയും യുവതിയെ സഹായിക്കുകയും ചെയ്തുവെന്ന് സാഗര്‍ ജനറല്‍ റെയില്‍വേ പോലീസ് (ജിആര്‍പി) ചുമതലയുള്ള പി കെ അഹിര്‍വാര്‍ പറഞ്ഞു.
ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ സെക്ഷന്‍ 354 പ്രകാരം സത്ന എംഎല്‍എ സിദ്ധാര്‍ത്ഥ് കുഷ്വാഹയ്ക്കും കോട്മ എംഎല്‍എ സുനീല്‍ സരഫിനും എതിരേയാണ് കേസെടുത്തിരിക്കുന്നത്.
എഫ്ഐആറിനെ കുറിച്ച് ചോദിച്ചപ്പോള്‍ ആരോപണം അടിസ്ഥാനരഹിതമാണെന്ന് സിദ്ധാര്‍ത്ഥ് കുശ്വാഹ പറഞ്ഞു. ”സ്ത്രീ ഒരു കുഞ്ഞുമായി യാത്ര ചെയ്യുകയായിരുന്നു. ഞാന്‍ അവള്‍ക്ക് എന്റെ സീറ്റ് വാഗ്ദാനം ചെയ്തു, വളരെ മാന്യമായി. സുനീല്‍ ജി അവള്‍ക്ക് ഭക്ഷണം വാഗ്ദാനം ചെയ്തു. എന്തുകൊണ്ടാണ് അവള്‍ക്ക് തങ്ങളോട് ദേഷ്യം തോന്നിയതെന്നും തങ്ങള്‍ക്കെതിരേ പരാതി നല്‍കിയതെന്നും എനിക്കറിയില്ല- സിദ്ധാര്‍ത്ഥ് പറയുന്നു.
പരാതിപ്പെട്ടപ്പോള്‍ ഇരുവരും കോണ്‍ഗ്രസ് എംഎല്‍എമാരാണെന്ന് തങ്ങള്‍ക്ക് അറിയില്ലായിരുന്നുവെന്നും എന്നാല്‍ പോലീസ് ഉടന്‍ നടപടിയെടുക്കുകയും ഭാര്യയെ സഹായിക്കുകയും ചെയ്തതായും യുവതിയുടെ ഭര്‍ത്താവ് പറഞ്ഞു.
ഏഴ് മാസം പ്രായമുള്ള മകനുമായി റേവയില്‍ നിന്ന് ഭോപ്പാലിലേക്ക് എച്ച്-1 (എസി ഫസ്റ്റ് ക്ലാസ്) കോച്ചില്‍ യാത്ര ചെയ്യുകയായിരുന്നുവെന്ന് യുവതി പരാതിയില്‍ പറയുന്നു. ”രാത്രി 11.50 ഓടെ സിദ്ധാര്‍ത്ഥ് കുഷ് വാഹയും സുനീല്‍ സറഫും എന്റെ സീറ്റിന് മുന്നില്‍ അത്താഴം കഴിക്കുകയായിരുന്നു. അവര്‍ തുടര്‍ച്ചയായി അസഭ്യമായ ഭാഷ ഉപയോഗിച്ചു. അതിലൊരാള്‍ എന്റെ തോളില്‍ തൊട്ടു ഭക്ഷണം വിളമ്പി. അവര്‍ മദ്യപിച്ചിരുന്നതിനാല്‍ ഞാന്‍ ഒന്നും പറഞ്ഞില്ല. അവര്‍ വീണ്ടും എന്നെ തൊട്ടു. തൊടരുതെന്നും അധിക്ഷേപകരമായ ഭാഷ ഉപയോഗിക്കരുതെന്നും ഞാന്‍ അവരോട് അഭ്യര്‍ത്ഥിച്ചു, പക്ഷേ അവര്‍ നിര്‍ത്തിയില്ല-യുവതി ആരോപിക്കുന്നു.
സംഭവത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ കമല്‍നാഥിനോട് പ്രതികരിക്കാന്‍ ബിജെപി വക്താവ് ലോകേന്ദ്ര പരാശര്‍ ആവശ്യപ്പെട്ടു. കമല്‍നാഥ് ഉത്തരം പറയണം. മദ്യപിച്ച നിലയില്‍ ഒരു സ്ത്രീയെ ശല്യപ്പെടുത്തുന്ന എംഎല്‍എമാര്‍ നിങ്ങളുടെ പാര്‍ട്ടിക്കാരനാണോ-ലോകേന്ദ്ര ചോദിക്കുന്നു.