വൈസ് ചാന്‍സലര്‍മാരുടെ ശമ്പളം തിരികെ പിടിക്കാന്‍ നിയമോപദേശം തേടി രാജ്ഭവന്‍. യുജിസി ചട്ടപ്രകാരം അല്ലാതെ നിയമിതരായ എട്ട് വൈസ് ചാന്‍സലര്‍മാരുടെ ശമ്പളം തിരികെ പിടിക്കുന്നതുമായി ബന്ധപ്പെട്ടാണ് രാജ്ഭവന്‍ നിയമോപദേശം തേടിയിരിക്കുന്നത്.
നിയമോപദേശം അനുകൂലമായാല്‍ ഇതുസംബന്ധിച്ച് ഉടന്‍ ഗവര്‍ണര്‍ ഉത്തരവ് പുറപ്പെടുവിക്കുമെന്നാണ് സൂചന.
യുജിസി ചട്ടപ്രകാരമല്ലാതെ നിയമനം നേടിയ വൈസ് ചാന്‍സലര്‍മാര്‍ക്കു ഗവര്‍ണര്‍ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു. ജോലിയില്‍നിന്നു പിരിച്ചുവിടാതിരിക്കാന്‍ കാരണങ്ങളുണ്ടെങ്കില്‍ അറിയിക്കണമെന്നാണ് നോട്ടീസില്‍ പറയുന്നത്. ഇതിനു മറുപടി നല്‍കുന്നതിനുള്ള കാലാവധി നാളെ തീരുന്ന സാഹചര്യത്തില്‍ കൂടിയാണ് ഗവര്‍ണറുടെ പുതിയ നീക്കം.
അതേസമയം, ഗവര്‍ണറുടെ കാരണം കാണിക്കല്‍ നോട്ടീസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് വൈസ് ചാന്‍സലര്‍മാര്‍ ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. കണ്ണൂര്‍ വി സി ഗോപിനാഥ് രവീന്ദ്രന്‍ അടക്കം ഏഴ് വൈസ് ചാന്‍സലര്‍മാരാണ് കോടതിയില്‍ ഹര്‍ജി നല്‍കിയത്. പുറത്താക്കാതിരിക്കാന്‍ കാരണം ചോദിക്കാന്‍ ചാന്‍സലര്‍ക്ക് അധികാരമില്ലെന്ന് വിസിമാര്‍ ഹര്‍ജിയില്‍ പറയുന്നു. അന്വേഷണം നടത്തി തെറ്റ് കണ്ടെത്തിയാല്‍ മാത്രമേ പുറത്താക്കാനാകൂ. അതിനാല്‍ തന്നെ ചാന്‍സലറുടെ കാരണം കാണിക്കല്‍ നോട്ടീസ് നിയമവിരുദ്ധമാണ്. ഈ നോട്ടീസ് റദ്ദാക്കണമെന്നും വിസിമാര്‍ ആവശ്യപ്പെടുന്നു.