നിയാസ് മുസ്തഫ
ഖത്തര്‍ ലോകകപ്പിന് ദിവസങ്ങള്‍ മാത്രം ശേഷിക്കേ, ഫുട്‌ബോള്‍ ആരാധകരുടെ മനസില്‍ ഇപ്പോഴും ഡീഗോ മറഡോണയുണ്ട്.
കളിക്കാരന്‍, കാഴ്ചക്കാരന്‍, പരിശീലകന്‍ എന്നീ നിലകളിലെല്ലാം ലോകകപ്പുകളില്‍ മറഡോണ നിറസാന്നിധ്യമായിരുന്നു. നാലു ഫുട്‌ബോള്‍ ലോകകപ്പില്‍ മറണോഡ കളിച്ചിട്ടുണ്ട്.
1982ലെ സ്പെയിന്‍ ലോകകപ്പില്‍ ഡീഗോ മറഡോണ ആദ്യമായി ലോകകപ്പ് കളിക്കാരനായി. അന്നുതൊട്ട് ഇങ്ങോട്ട് മറഡോണയുടെ സാന്നിധ്യം ഏതെങ്കിലും നിലയില്‍ കാണാത്ത ലോകകപ്പ് ഉണ്ടായിട്ടില്ല.
മറഡോണ ഈ ലോകത്തോട് വിട പറഞ്ഞിട്ട് രണ്ടു വര്‍ഷമായെങ്കിലും ഇന്നും ഫുട്‌ബോള്‍ ആരാധകരുടെ മനസില്‍ മറഡോണയ്ക്ക് വലിയ സ്വാധീനമാണുള്ളത്.
1986ല്‍ മെക്‌സിക്കോയില്‍ നടന്ന ലോകകപ്പില്‍ വെസ്റ്റ് ജര്‍മ്മനിയെ പരാജയപ്പെടുത്തി അര്‍ജന്റീനയ്ക്ക് ലോകകപ്പ് നേടിക്കൊടുക്കുന്നതില്‍ മറഡോണ എന്ന നായകന്‍ വഹിച്ച പങ്ക് വലുതാണ്.
ഈ ലോകകപ്പില്‍ ഇംഗ്ലണ്ടിനെതിര നടന്ന ക്വാര്‍ട്ടര്‍ ഫൈനല്‍ മല്‍സരത്തില്‍ മറഡോണ നേടിയ രണ്ടു ഗോളുകളും (ദൈവത്തിന്റെ കൈയും, നൂറ്റാണ്ടിന്റെ ഗോളും) ചരിത്രമായി. മറഡോണയുടെ ഏറ്റവും മികച്ച ലോകകപ്പ് പ്രകടനം ഇതാണ്.

1990ല്‍ ഇറ്റലിയില്‍ നടന്ന ലോകകപ്പില്‍ അര്‍ജന്റീനയെ ഫൈനലില്‍ എത്തിക്കാന്‍ മറഡോണയിലെ നായകനായി. പശ്ചിമ ജര്‍മ്മനിയുമായിട്ടാണ് അന്ന് പരാജയപ്പെട്ടത്.
1994ല്‍ യുണൈറ്റഡ് സ്റ്റേറ്റ്‌സില്‍ നടന്ന ലോകകപ്പാണ് മറഡോണ അവസാനമായി കളിച്ച ലോകകപ്പ്. ഈ ലോകകപ്പില്‍ രണ്ടു കളികളില്‍ മാത്രമേ അദ്ദേഹത്തിന് കളിക്കാനായുള്ളൂ. ഉത്തേജക മരുന്ന് ഉപയോഗിച്ചതിന്റെ പേരില്‍ അദ്ദേഹത്തെ പിടിക്കപ്പെടുകയും തുടര്‍ന്നുള്ള മത്സരങ്ങളില്‍നിന്ന് വിലക്കുകയും ചെയ്തു.
വിജയപരാജയങ്ങളോ നേടിയ ഗോളുകളുടെ എണ്ണമോ നോക്കിയിട്ടായിരുന്നില്ല ഫുട്‌ബോള്‍ ലോകം മറഡോണയെ വിലയിരുത്തിയിരുന്നത്. പന്തടക്കത്തില്‍ മറഡോണയെ വെല്ലാന്‍ ആളുകള്‍ കുറവാണ്. എതിരാളികള്‍ എത്ര പേരുണ്ടെങ്കിലും അവരുടെ ഇടയിലൂടെ നുഴഞ്ഞുകയറാനും കൂട്ടുകാര്‍ക്കു വിദഗ്ദ്ധമായി പന്തു കൈമാറാനും, ആ കൈമാറ്റം അതി സൂക്ഷ്മവും കൃത്യവുമാക്കാനും മറഡോണയ്ക്ക് എന്നും കഴിഞ്ഞിരുന്നു. ഫൗള്‍ ചെയ്തുകൊണ്ടാണ് പലപ്പോഴും എതിരാളികള്‍ ഇദ്ദേഹത്തെ നേരിട്ടിരുന്നത്.

2010ല്‍ സ്വന്തം രാജ്യത്തിന്റെ പരിശീലകനായി വീണ്ടും മൈതാനത്ത് അദ്ദേഹമെത്തി.
കളിക്കാരനോ പരിശീലകനോ അല്ലാത്ത ലോകകപ്പുകളില്‍ ഗാലറിയിലിരുന്ന് മറഡോണ ആര്‍പ്പുവിളിച്ചു. മറഡോയുടെ മുഖം സ്‌ക്രീനില്‍ തെളിയുമ്പോള്‍ തന്നെ ലോകമെമ്പാടുമുള്ള ആരാധകരുടെ മനസും തുള്ളിച്ചാടുമായിരുന്നു.
ഇത്തവണ അര്‍ജന്റീന ലോകകപ്പിനിറങ്ങുമ്പോള്‍ ഗാലറിയില്‍ നിന്നോ, കളിക്കളത്തിന്റെ പിന്നാമ്പുറങ്ങളില്‍നിന്നോ ആവേശം പകരാന്‍ ഡീഗോ മറഡോണ എന്ന അതുല്യ ഫുട്‌ബോള്‍ മാന്ത്രികന്‍ തങ്ങള്‍ക്കൊപ്പം ഇല്ലല്ലോയെന്ന നിരാശ ഓരോ അര്‍ജന്റീനക്കാരനുമുണ്ട്. അല്ല, ഫുട്‌ബോളിനെ സ്‌നേഹിക്കുന്ന ഓരോ മനസിനുമുണ്ട്. അതാണ് ഡീഗോ മറഡോണ. കാലമെത്ര കഴിഞ്ഞാലും ഫുട്‌ബോള്‍ ആരാധകരുടെ മനസില്‍ മായാതെ കിടക്കുന്നൊരു മാണിക്യക്കല്ലാണ് അദ്ദേഹം.
Please Join Our WhatsApp Group
https://chat.whatsapp.com/I3e6p2lnuaC7kXEgCGFkyI
Please Like Our Facebook page