കര്‍ണാടക ടീച്ചേഴ്സ് എലിജിബിലിറ്റി ടെസ്റ്റ്-2022-ന്റെ അഡ്മിറ്റ് കാര്‍ഡില്‍ ഒരു വിദ്യാര്‍ത്ഥിനിയുടെ ഫോട്ടോയ്ക്ക് പകരം സണ്ണി ലിയോണിന്റെ ചിത്രം വന്നതിനെ തുടര്‍ന്ന് കര്‍ണാടക വിദ്യാഭ്യാസ വകുപ്പ് പോലീസില്‍ പരാതി നല്‍കി. സംഭവത്തില്‍ ശിവമോഗ സൈബര്‍ യൂണിറ്റ് ഉദ്യോഗസ്ഥര്‍ അന്വേഷണം ആരംഭിച്ചു.
പരീക്ഷാ സെന്റര്‍ ഇന്‍ചാര്‍ജ് ചന്നപ്പയും വിദ്യാഭ്യാസ വകുപ്പ് അധികൃതരും സിഇഎന്‍ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിട്ടുണ്ടെന്ന് ശിവമോഗ എസ്പി മിഥുന്‍ കുമാര്‍ ജികെ പറഞ്ഞു. വിശദമായി അന്വേഷിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ചിക്കമംഗളൂരു ജില്ലയിലെ കോപ്പ സ്വദേശിനിയായ ഉദ്യോഗാര്‍ത്ഥി ശിവമോഗയില്‍ അധ്യാപക തസ്തികയിലേക്ക് അപേക്ഷിച്ചിരുന്നു. ഞായറാഴ്ച നടന്ന പരീക്ഷയില്‍ ഉദ്യോഗാര്‍ഥി പങ്കെടുത്തു.
പരീക്ഷയ്ക്ക് ഹാജരാകാന്‍ സൈബര്‍ സെന്ററില്‍ നിന്ന് ഹാള്‍ ടിക്കറ്റ് ഡൗണ്‍ലോഡ് ചെയ്തതായി അധികൃതര്‍ പറഞ്ഞു. തെറ്റിന് വിദ്യാഭ്യാസ വകുപ്പ് ഉത്തരവാദിയല്ലെന്ന് സര്‍ക്കാര്‍ ഒരു ദിവസം മുമ്പ് പറഞ്ഞിരുന്നു.
ഹാള്‍ ടിക്കറ്റില്‍ സ്ഥാനാര്‍ത്ഥിയുടെ ഫോട്ടോയ്ക്ക് പകരം താരം സണ്ണി ലിയോണിന്റെ ഫോട്ടോയാണ് സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് അച്ചടിച്ചതെന്ന് മൈക്രോ ബ്ലോഗിംഗ് സൈറ്റായ ട്വിറ്ററില്‍ കര്‍ണാടക കോണ്‍ഗ്രസ് സോഷ്യല്‍ മീഡിയ ചെയര്‍പേഴ്സണ്‍ ബിആര്‍ നായിഡു ആരോപിച്ചു.
ഉദ്യോഗാര്‍ഥി സൈറ്റില്‍ വിവരങ്ങള്‍ അപ്ലോഡ് ചെയ്തപ്പോള്‍ ഫോട്ടോ മാറി പോയതാണോയെന്നും അന്വേഷണം നടക്കുന്നുണ്ട്. ഉദ്യോഗാര്‍ഥിയുടെ ഭര്‍ത്താവിന്റെ സുഹൃത്താണ് ഉദ്യോഗാര്‍ഥിക്കുവേണ്ടി സൈറ്റില്‍ വിവരങ്ങള്‍ അപ്ലോഡ് ചെയ്തതെന്നാണ് വിവരം.