ട്വിറ്ററിന് പിന്നാലെ ഫേസ്ബുക്കിന്റെ മാതൃ കമ്പനിയായ മെറ്റയിലും കൂട്ടപ്പിരിച്ചുവിടല്‍. മെറ്റയില്‍ പതിമൂന്ന് ശതമാനത്തോളം ജീവനക്കാരെ പിരിച്ച് വിടാനാണ് തീരുമാനം. 11,000 ലേറെ പേരെ ജീവനക്കാരെ പിരിച്ചുവിടാന്‍ തീരുമാനിച്ചതായി സിഇഒ മാര്‍ക്ക് സക്കര്‍ബര്‍ഗ് അറിയിച്ചു.
സാമ്പത്തിക മാന്ദ്യത്തെ തുടര്‍ന്ന് പുതിയ നിയമനങ്ങള്‍ മെറ്റ കുറച്ചിരുന്നു. പിന്നാലെയാണ് പിരിച്ചുവിടലും.
”മെറ്റയുടെ ചരിത്രത്തില്‍ ഞങ്ങള്‍ വരുത്തിയ ഏറ്റവും പ്രയാസകരമായ മാറ്റങ്ങളില്‍ ചിലത് ഇന്ന് ഞാന്‍ പങ്കിടുന്നു. ഞങ്ങളുടെ ടീമിന്റെ വലുപ്പം ഏകദേശം 13% കുറയ്ക്കാനും ഞങ്ങളുടെ കഴിവുള്ള 11,000-ത്തിലധികം ജീവനക്കാരെ പോകാന്‍ അനുവദിക്കാനും ഞാന്‍ തീരുമാനിച്ചു”-സക്കര്‍ ബര്‍ഗ് ലോകത്തെ അറിയിച്ചു.
സമീപകാലത്തെ ഏറ്റവും വലിയ പിരിച്ചുവിടലാണിത്. ആഗോള സാമ്പത്തിക മാന്ദ്യത്തിന്റെ പിടിയിലാണ് ടെക്ക് കമ്പനികളെന്നാണ് സൂചന. ചെലവുകള്‍ വെട്ടിക്കുറയ്ക്കാനും ടീമുകളെ മാറ്റാനും മെറ്റ ഉദ്ദേശിക്കുന്നതായി സെപ്തംബര്‍ അവസാനം സക്കര്‍ ബര്‍ഗ് ജീവനക്കാര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു.