ജീവനുള്ള ഒരു കോണ്‍ഗ്രസുകാരനും ബിജെപിക്കൊപ്പം വരില്ലെന്നും മരിച്ചു കഴിഞ്ഞാലും അയാളുടെ ഓര്‍മ്മകള്‍ ബിജെപിക്കെതിരെ ശബ്ദിച്ചു കൊണ്ടിരിക്കുമെന്നും കെപിസിസി പ്രസിഡന്റ് കെ. സുധാകരന്‍ പറഞ്ഞു.
കെ. സുധാകരന്‍ കോണ്‍ഗ്രസിനൊപ്പമാണെങ്കിലും അദ്ദേഹത്തിന്റെ മനസ് ബിജെപിയോടൊപ്പമാണെന്ന ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്റെ പ്രസ്താവനയ്ക്ക് മറുപടി നല്‍കുകയായിരുന്നു കെ സുധാകരന്‍.
തന്റെ മനസ്സ് ബിജെപിക്കൊപ്പം എന്ന സുരേന്ദ്രന്റെ വിഡ്ഢിത്തം കേട്ടവര്‍ ഇപ്പോഴും ചിരി നിര്‍ത്തിക്കാണില്ല. സുരേന്ദ്രന്‍ ആളും തരവും നോക്കി കളിക്കണം.
എകെജി സെന്ററില്‍ നിന്ന് തന്നെയാണ് സുരേന്ദ്രനും പ്രസ്താവനകള്‍ എഴുതി നല്‍കുന്നത് എന്നതിനുള്ള തെളിവാണ് ഇത്.
കൊടകര കുഴല്‍പ്പണക്കേസ് ഒതുക്കിത്തീര്‍ത്തതിനുള്ള രാഷ്ട്രീയ പാരിതോഷികങ്ങളാണ് സുരേന്ദ്രന്റെ പ്രസ്താവനകളെന്ന് സമകാലിക കേരള രാഷ്ട്രീയം പഠിക്കുന്ന ഏതൊരാള്‍ക്കും മനസ്സിലാകും. കോണ്‍ഗ്രസുകാരെ ബി.ജെ.പിയിലേക്ക് ക്ഷണിക്കുന്ന സുരേന്ദ്രന്റെ വിടുവായിത്തം അര്‍ഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയുന്നു’- സുധാകരന്‍ വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.