രാത്രി ഉറങ്ങാന്‍ പോകുന്നതിനു മുമ്പ് ഒരു ഗ്ലാസ് വെള്ളം കുടിക്കുന്നത് നല്ലതാണ്. ദാഹം തീര്‍ക്കുക എന്നതു മാത്രമല്ല ഇതിന്റെ ഗുണം. ഉറക്കത്തില്‍ ശരീരത്തിലെ ജലാംശം നിലനിര്‍ത്താന്‍ ഇത് സഹായിക്കും.
രാത്രിയില്‍ വെള്ളം കുടിച്ച് കിടക്കുന്നവര്‍, വെള്ളം കുടിക്കാതെ കിടക്കുന്നവരേക്കാള്‍ ശാന്തരും ഊര്‍ജ്ജസ്വലരുമായിട്ടാണ് രാവിലെ ഉണരുകയെന്നാണ് പഠനങ്ങള്‍.
രാത്രി ഉറങ്ങുന്നതിന് മുമ്പ് വെള്ളം കുടിക്കുന്നത് ശരീരത്തിലെ രക്തചംക്രമണം മെച്ചപ്പെടുത്തും.
ഈ വെള്ളം കുടിക്ക് ചില നിബന്ധനകളൊക്കെയുണ്ട്. രാത്രി ഉറങ്ങുന്നതിന് രണ്ട് മണിക്കൂര്‍ മുമ്പെങ്കിലും വെള്ളം കുടിക്കണം. ഉറങ്ങുന്നതിന് തൊട്ടുമുമ്പ് വെള്ളം കുടിക്കുന്നതും വയറുനിറയെ വെള്ളം കുടിക്കുന്നതും ഗുണത്തേക്കാളേറെ ദോഷം ചെയ്യും.
ഉറങ്ങുന്നതിന് തൊട്ടുമുമ്പ് വെള്ളം കുടിക്കുന്നത് നൊക്റ്റൂറിയ പിടിപെടാന്‍ ഇടയാക്കും. രാത്രിയില്‍ ഇടയ്ക്കിടക്ക് മൂത്രമൊഴിക്കാന്‍ തോന്നലുണ്ടാക്കുന്ന രോഗമാണ് നൊക്റ്റൂറിയ. മൂത്രമൊഴിക്കാന്‍ ഒന്നിലധികം തവണ എഴുന്നേല്‍ക്കേണ്ടി വന്നാല്‍ അത് നിങ്ങളുടെ ഉറക്കത്തെ തടസപ്പെടുത്തും. നിങ്ങളുടെ ഉറക്കം തടസപ്പെടുമ്പോള്‍ ഹൃദയസംബന്ധമായ പ്രശ്നങ്ങള്‍, പ്രമേഹം, പൊണ്ണത്തടി, വിഷാദം എന്നിവയ്ക്ക് കാരണമാകും. അതുകൊണ്ട് എപ്പോഴും ഉറങ്ങാന്‍ പോകുന്നതിന് രണ്ടുമണിക്കൂര്‍ മുമ്പ് വെള്ളം കുടിക്കാന്‍ ശ്രദ്ധിക്കുക.
എന്നാല്‍ ഉറങ്ങുന്നതിന് മുമ്പ് ചൂടുവെള്ളം കുടിക്കുന്നതാണ് നല്ലതെന്നാണ് പഠനങ്ങള്‍ പറയുന്നത്. ചെറുചൂടുള്ള വെള്ളം കുടിക്കുന്നത് രാത്രി മുഴുവന്‍ ജലാംശം നിലനിര്‍ത്തുകയും ശരീരത്തിലെ അനാവശ്യമായ വിഷവസ്തുക്കളെ പുറന്തള്ളാന്‍ സഹായിക്കുകയും ചെയ്യും. വയറുവേദന, മലബന്ധം ഒഴിവാക്കാന്‍ ഇത് സഹായിച്ചേക്കാമെന്നും പഠനങ്ങള്‍ പറയുന്നു.