കോണ്‍ഗ്രസ് ദേശീയ അധ്യക്ഷ സ്ഥാനത്തേക്ക് മല്ലികാര്‍ജുന്‍ ഖര്‍ഗെയ്ക്ക് എതിരേ മത്സരിച്ചതോടെ ശശി തരൂര്‍ വേറൊരു ലെവലിലാണ്. ഒരു വശത്ത് എഐസിസിയിലെ പ്രമുഖരടക്കം പലരും ഒളിഞ്ഞും തെളിഞ്ഞും തരൂര്‍ വളര്‍ന്നുവരാതിരിക്കാന്‍ വേണ്ടതെല്ലാം ചെയ്യുന്നു. മറുവശത്ത് പ്രവര്‍ത്തകരില്‍ വലിയൊരു വിഭാഗവും തരൂരിനെ അനുകൂലിക്കുന്നുവെന്ന യാഥാര്‍ഥ്യവും നില്‍ക്കുന്നു.
മലയാളികളായ ചില കോണ്‍ഗ്രസ് ദേശീയ നേതാക്കള്‍ തരൂരിനെതിരേ പാര വയ്പ്പ് നടത്തിക്കൊണ്ടിരിക്കുമ്പോള്‍ നാലു ദിവസത്തെ മലബാര്‍ പര്യടനത്തിന് ഒരുങ്ങുകയാണ് ശശി തരൂര്‍. അതും യുഡിഎഫിന്റെ പ്രബല ഘടകകക്ഷിയായ മുസ്ലിം ലീഗിന്റെ ആശീര്‍വാദത്തോടെ. മലബാര്‍ പര്യടനത്തെക്കുറിച്ചുള്ള ചോദ്യത്തിന് തരൂരിന്റെ മറുപടി ഇങ്ങനെ-കേരളം എന്റെ നാടല്ലേയെന്ന്. ഞായറാഴ്ച മുതലാണ് മലബാര്‍ പര്യടനം.
ഇതിലെ ഏറ്റവും രസകരമെന്നത് എഐസിസിയും കെപിസിസിയും അറിയാതെയാണ് തരൂരിന്റെ മലബാര്‍ പര്യടനം എന്നതാണ്.
കെപിസിസി അധ്യക്ഷന്‍ കെ. സുധാകരന്റെ ആര്‍എസ്എസ് അനുകൂല നിലപാടില്‍ ഇടഞ്ഞ ലീഗ് നേതാക്കളെ കാണാന്‍ പാണക്കാട് സന്ദര്‍ശനം, രാഷ്ട്രീയ, സാമൂഹിക, സാംസ്‌കാരിക നേതാക്കളുമായുള്ള കൂടിക്കാഴ്ച, പൊതു പരിപാടികള്‍ എന്നിവയാണ് പര്യടനത്തിന്റെ ലക്ഷ്യം.
എന്‍എസ്എസിനും സ്വീകാര്യനായെന്ന സൂചനയുമായി തരൂര്‍ മന്നം ജയന്തിയില്‍ മുഖ്യ അതിഥിയായേക്കുമെന്നും അഭ്യൂഹമുണ്ട്.
ദേശീയ അധ്യക്ഷ തെരഞ്ഞെടുപ്പില്‍ തരൂരിനോടൊപ്പം ചങ്കായി കൂടെനിന്ന എം കെ രാഘവന്‍ എംപിയാണ് മണ്ഡല പര്യടനത്തിന്റെ ചുക്കാന്‍ പിടിക്കുന്നത്.
കെ മുരളീധരനടക്കം പാര്‍ട്ടിയിലെ ഒരു വിഭാഗം കേരള നേതാക്കളും പ്രോത്സാഹനവുമായുണ്ട്.
എന്നാല്‍, തരൂരിനെ പ്രത്യേകിച്ച് ദൗത്യമൊന്നും ഏല്‍പ്പിച്ചിട്ടില്ലെന്നാണ് എഐസിസിയുടെ പ്രതികരണം. അധ്യക്ഷ തെരഞ്ഞെടുപ്പില്‍ ഒറ്റയാള്‍ പോരാട്ടം നടത്തിയ ശശി തരൂര്‍ ഇപ്പോഴും എഐസിസിക്ക് സ്വീകാര്യനല്ല. തെരഞ്ഞെടുപ്പിന് ശേഷം നടന്ന പാര്‍ട്ടി പുനഃസംഘടനകളിലൊന്നിലും തരൂരിനെ പരിഗണിച്ചിരുന്നില്ല. ഗുജറാത്ത്, ഹിമാചല്‍ തെരഞ്ഞെടുപ്പ്
പ്രചാരണങ്ങളില്‍ നിന്നും മാറ്റി നിര്‍ത്തി.