നമീബിയയില്‍ നിന്നുള്ള എട്ട് ചീറ്റപ്പുലികള്‍ സുരക്ഷിതരായി ഇന്ത്യയിലെത്തി. പ്രത്യേക ചരക്ക് വിമാനത്തിലാണ് ഇന്നു രാവിലെ എട്ടിന് മുമ്പായി മധ്യപ്രദേശിലെ ഗ്വാളിയോറിലെ മഹാരാജ്പുര എയര്‍ബേസില്‍ ചീറ്റകള്‍ എത്തിയത്.
ഏഴ് പതിറ്റാണ്ടുകള്‍ക്ക് ശേഷമാണ് ഇന്ത്യയില്‍ ചീറ്റകളുടെ കാലം വരുന്നത്. രാജ്യത്ത് വംശനാശം സംഭവിച്ചതായി പ്രഖ്യാപിച്ച മൃഗമാണ് ചീറ്റപ്പുലി.
വിമാനത്താവളത്തില്‍നിന്ന് ഐഎഎഫ് ചിനൂക്ക് ഹെവി ലിഫ്റ്റ് ഹെലികോപ്റ്ററില്‍ മധ്യപ്രദേശിലെ ഷിയോപൂര്‍ ജില്ലയിലെ കുനോ നാഷണല്‍ പാര്‍ക്കില്‍ ചീറ്റകളെ എത്തിച്ചു. പാര്‍ക്കില്‍ ചീറ്റകള്‍ക്കായി മാത്രം പ്രത്യേകം തയാറാക്കിയ വേലികെട്ടിത്തിരിച്ച വിശാലമായ ഭാഗത്ത് ഇവകളെ ക്വാറന്റൈനില്‍ നിരീക്ഷിക്കും. ഇന്ത്യയിലെ കാലാവസ്ഥയുമായി പരിചയപ്പെടാനാണ് കുറേനാളുകള്‍ ക്വാറന്റൈനില്‍ നിരീക്ഷിക്കുന്നത്. സമൃദ്ധമായ ഇരയും പുല്‍മേടുകളും ഉള്ളതിനാലാണ് കുനോ പാര്‍ക്ക് ഇവകള്‍ക്കായി തെരഞ്ഞെടുത്തത്.
