കെഎസ്ആര്‍ടിസി ബസില്‍ ഇനി യാത്രക്കാര്‍ക്ക് ചില്ലറ പ്രശ്‌നത്തിന്റെ പേരില്‍ കണ്ടക്ടര്‍മാരുമായി വഴക്കിടേണ്ട. പക്ഷേ നിങ്ങള്‍ ഒരു സ്മാര്‍ട്ട് ട്രാവല്‍ കാര്‍ഡ് കയ്യില്‍ കരുതണമെന്നു മാത്രം.
കെഎസ്ആര്‍ടിസി ബസിലെ ടിക്കറ്റ് നിരക്ക് ഓണ്‍ലൈന്‍ പണമിടപാടിലേക്ക് മാറുകയാണ്. ഇതിനായി രണ്ടുലക്ഷം സ്മാര്‍ട്ട് കാര്‍ഡുകള്‍ കെഎസ്ആര്‍ടിസി തയാറാക്കിയിട്ടുണ്ട്.
ആദ്യഘട്ടത്തില്‍ തിരുവനന്തപുരം സിറ്റിബസുകളിലെ യാത്രക്കാര്‍ക്കാണ് ട്രാവല്‍ കാര്‍ഡുകള്‍ നല്‍കുക. സിറ്റി സര്‍ക്കുലര്‍, സിറ്റി ഷട്ടില്‍, സിറ്റി റേഡിയല്‍ ബസുകളിലെ യാത്രക്കാര്‍ക്കാകും ഈ സൗകര്യം. തുടര്‍ന്ന്, സൂപ്പര്‍ഫാസ്റ്റ് ഉള്‍പ്പെടെ മറ്റു ബസുകളിലേക്കും വ്യാപിപ്പിക്കും.
ഏറെ വൈകാതെ മറ്റു ജില്ലകളിലേക്കും സ്മാര്‍ട്ട് കാര്‍ഡെത്തും. പുതിയ തലമുറ ടിക്കറ്റ് മെഷീനുകളില്‍ ഉപയോഗിക്കാന്‍ കഴിയുന്ന ആര്‍.എഫ്.ഐ.ഡി. കാര്‍ഡുകളാണിവ. ടിക്കറ്റ് മെഷീനുകളിലെ സോഫ്റ്റ്‌വെയര്‍ അപ്‌ഡേറ്റ് ചെയ്താല്‍ കാര്‍ഡുകള്‍ ഉപയോഗിക്കാനാകും. ഇതിനുള്ള നടപടി പുരോഗമിക്കുകയാണ്.
2017-ല്‍ ഏര്‍പ്പെടുത്തിയ ട്രാവല്‍ കാര്‍ഡുകള്‍ വിജയകരമായെങ്കിലും ഒരുവര്‍ഷം കഴിഞ്ഞപ്പോള്‍ സാങ്കേതികപ്രശ്നങ്ങള്‍ കാരണം പിന്‍വലിച്ചിരുന്നു. അന്നത്തെ പോരായ്മകള്‍ തരണംചെയ്യാന്‍ കഴിയുന്നവയാണ് പുതിയകാര്‍ഡുകള്‍.
സ്മാര്‍ട്ട് കാര്‍ഡ് മുന്‍കൂര്‍ പണം നല്‍കി റീച്ചാര്‍ജ് ചെയ്യണം. ബസിലും സ്റ്റേഷനുകളിലും റീച്ചാര്‍ജ് ചെയ്യാന്‍ സൗകര്യമുണ്ടായിരിക്കും. ബാലന്‍സറിയാന്‍ കാര്‍ഡുപയോഗിച്ച് ടിക്കറ്റെടുക്കുമ്പോള്‍ കാര്‍ഡിലെ ബാലന്‍സ് തുക ടിക്കറ്റില്‍ രേഖപ്പെടുത്തിയിട്ടുണ്ടാകും. കണ്ടക്ടറുടെ സഹായംതേടി ടിക്കറ്റ് മെഷീനിലൂടെയും ബാലന്‍സ് പരിശോധിക്കാം. കാര്‍ഡിന് യാതൊരു ഫീസും ഈടാക്കുന്നതല്ല. കാര്‍ഡ് സൗജന്യമായിട്ടാണ് യാത്രക്കാര്‍ക്ക് നല്‍കുന്നത്. ചാര്‍ജ് ചെയ്യുന്ന മുഴുവന്‍ തുകയ്ക്കും ടിക്കറ്റെടുക്കാനാകും.
നിലവില്‍ 100 രൂപയ്ക്ക് സ്മാര്‍ട്ട് ട്രാവല്‍കാര്‍ഡ് വാങ്ങുന്നവര്‍ക്ക് 150 രൂപയുടെ യാത്ര അനുവദിക്കുന്നുണ്ട്. 2000 രൂപയ്ക്കുവരെ ചാര്‍ജ് ചെയ്യാം. 250 രൂപയ്ക്കുമുകളില്‍ ചാര്‍ജ് ചെയ്യുന്നവര്‍ക്ക് 10 ശതമാനം ഇളവും ലഭിക്കും. ഒരുവര്‍ഷമാണ് ചാര്‍ജിംഗിന്റെ കാലാവധി. ഈ കാലയളവില്‍ ഉപയോഗിച്ചിട്ടില്ലെങ്കില്‍ കാര്‍ഡ് വീണ്ടും ആക്ടിവേറ്റ് ചെയ്യേണ്ടിവരും.
ഈ കാര്‍ഡ് ഉടമ തന്നെ ഉപയോഗിക്കണമെന്ന് നിര്‍ബന്ധമില്ല. ബന്ധുക്കള്‍ക്കോ സുഹൃത്തുക്കള്‍ക്കോ കൈമാറാം.
