Entertainment Latest News

നടി അപര്‍ണ ബാലമുരളിയോട് മോശമായി പെരുമാറിയ എല്‍എല്‍ബി വിദ്യാര്‍ഥിയെ കോളേജില്‍നിന്ന് സസ്‌പെന്‍ഡ് ചെയ്തു

കോളേജ് യൂണിയന്‍ പരിപാടിക്കിടെ നടി അപര്‍ണ ബാലമുരളിയോട് അപമര്യാദയായി പെരുമാറിയ സംഭവത്തില്‍ എറണാകുളം ലോ കോളേജ് വിദ്യാര്‍ത്ഥിക്ക് സസ്‌പെന്‍ഷന്‍.
രണ്ടാം വര്‍ഷ എല്‍എല്‍ബി വിദ്യാര്‍ത്ഥി വിഷ്ണുവിനെയാണ് സസ്‌പെന്‍ഡ് ചെയ്തത്. ലോ കോളേജ് സ്റ്റാഫ് കൗണ്‍സിലിന്റേതാണ് നടപടി. ഒരാഴ്ചത്തേക്കാണ് സസ്‌പെന്‍ഷന്‍.

വലിയ വിവാദം സൃഷ്ടിച്ച സംഭവത്തില്‍ വിദ്യാര്‍ത്ഥിയോട് കോളേജ് സ്റ്റാഫ് കൗണ്‍സില്‍ വിശദീകരണം തേടിയിരുന്നു. തന്റെ ഭാഗത്ത് നിന്നുണ്ടായ മോശം പെരുമാറ്റത്തില്‍ ക്ഷമാപണം നടത്തുന്നതായി വിഷ്ണു അറിയിച്ചെങ്കിലും ഈ വിശദീകരണം തള്ളിയാണ് സസ്‌പെന്‍ഡ് ചെയ്തത്.

കോളേജ് യൂണിയന്‍ പരിപാടിയില്‍ അതിഥിയായിട്ടാണ് നടി അപര്‍ണ ബാലമുരളിയും വിനീത് ശ്രീനിവാസനും ലോ കോളേജിലെത്തിയത്. ഇവര്‍ അഭിനയിക്കുന്ന തങ്കം സിനിമയുടെ പ്രമോഷന്റെ കൂടി ഭാഗമായിട്ടായിരുന്നു സന്ദര്‍ശനം.

ലോ കോളേജ് യൂണിയന്‍ സംഘടിപ്പിച്ച പരിപാടി വേദിയില്‍ പുരോഗമിക്കുന്നതിനിടെയാണ് പൂവുമായി വിഷ്ണു വേദിയിലേക്ക് എത്തിയത്. പൂ സ്വീകരിച്ച അപര്‍ണയ്ക്ക് ഷേക്ക് ഹാന്‍ഡ് നല്‍കിയ വിഷ്ണു അപര്‍ണയെ കൈയില്‍ പിടിച്ച് എഴുന്നേല്‍പ്പിച്ച് നിര്‍ത്തി ഒപ്പം നിന്ന് ഫോട്ടോ എടുക്കാന്‍ ശ്രമിച്ചു. ഇതിനിടെ നടിയുടെ തോളത്ത് കൈയിടാനും ശ്രമിച്ച വിഷ്ണുവിനോട് അപര്‍ണ രൂക്ഷമായി പ്രതികരിച്ചു. ഫോട്ടോയ്ക്ക് പോസ് ചെയ്യാതെ താരം ഒഴിഞ്ഞു മാറുകയും ചെയ്തു.

സംഭവത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായതോടെ എസ്എഫ്‌ഐ നയിക്കുന്ന കോളേജ് യൂണിയന്‍ സംഭവത്തില്‍ ഖേദം പ്രകടിപ്പിച്ച് രം?ഗത്ത് എത്തിയിരുന്നു.

Leave a Reply

Your email address will not be published.