Latest News

രണ്ടു മുസ്ലിം യുവാക്കളെ തട്ടിക്കൊണ്ടുപോയി ചുട്ടുകൊന്ന സംഭവത്തില്‍ ടാക്‌സി ഡ്രൈവര്‍ അറസ്റ്റില്‍

രാജസ്ഥാന്‍കാരായ രണ്ട് മുസ്ലിം യുവാക്കളെ ഹരിയാനയിലേക്ക് തട്ടിക്കൊണ്ടുപോയി കാറിനുള്ളില്‍ ജീവനോടെ ചുട്ടുകൊന്ന സംഭവത്തില്‍ കസ്റ്റഡിയിലുള്ള ടാക്‌സി ഡ്രൈവര്‍ റിങ്കു സൈനി (32)യുടെ അറസ്റ്റ് രേഖപ്പെടുത്തി. ഈ സംഭവത്തിന് രാഷ്ട്രീയ നിറം കൈവന്ന സാഹചര്യത്തില്‍ അന്വേഷണം ശക്തമാക്കിയിട്ടുണ്ട്.


കൊല്ലപ്പെട്ടവരുടെ ബന്ധുക്കള്‍ പോലീസില്‍ നല്‍കിയ പരാതിയില്‍ ആണ് ബജ്റംഗ്ദളുമായി ബന്ധമുള്ള അഞ്ച് പേരുടെ പേരുകള്‍ രേഖപ്പെടുത്തിയിരുന്നത്.
അനില്‍, ശ്രീകാന്ത്, റിങ്കു സൈനി, ലോകേഷ് സിംഗ്ല, മോഹിത് യാദവ് എന്നീ ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകരാണ് പോലീസ് കസ്റ്റഡിയിലുള്ളത്.


അറസ്റ്റിലായ സൈനി ടാക്സി ഡ്രൈവറാണെന്നും പശു സംരക്ഷണ സംഘവുമായി ബന്ധമുണ്ടെന്നും പോലീസ് പറഞ്ഞു. ബാക്കിയുള്ള പ്രതികളെ എത്രയും വേഗം അറസ്റ്റ് ചെയ്യുമെന്ന് പോലീസ് പ്രസ്താവനയില്‍ പറഞ്ഞു.


സംഭവത്തെ അപലപിച്ച് മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് ട്വീറ്റ് ചെയ്തിരുന്നു. കുറ്റക്കാര്‍ക്ക് കര്‍ശന ശിക്ഷ നല്‍കുമെന്ന് രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ട് വാഗ്ദാനം ചെയ്തു.


രാജസ്ഥാനിലെ ഭരത്പൂര്‍ ജില്ലയിലെ ഘാത്മിക ഗ്രാമത്തിലെ താമസക്കാരായ നസീര്‍ (25), ജുനൈദ് എന്ന ജുന (35) എന്നിവരെ ബുധനാഴ്ചയാണ് തട്ടിക്കൊണ്ടുപോയത്. വ്യാഴാഴ്ച രാവിലെയാണ് ഹരിയാനയിലെ ഭിവാനി ജില്ലയിലെ ലോഹറുവില്‍ ഇവരുടെയും മൃതദേഹങ്ങള്‍ കത്തിയ നിലയില്‍ കണ്ടെത്തിയത്. ഇവരുടെ വാഹനവും കത്തിച്ച നിലയിലാണ്.


കൊല്ലപ്പെട്ട നസീറിന് ക്രിമിനല്‍ കേസുകള്‍ ഇല്ല. ജുനൈദിന് പശുക്കടത്തുമായി ബന്ധപ്പെട്ട് വിവിധ പോലീസ് സ്റ്റേഷനുകളിലായി അഞ്ച് കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

Leave a Reply

Your email address will not be published.