Latest News

അരിക്കൊമ്പന്‍ കേസില്‍ കക്ഷി ചേര്‍ന്ന കേരളാ കോണ്‍ഗ്രസ് എം ചെയര്‍മാന്‍ ജോസ് കെ.മാണിയുടെ നടപടിയില്‍ കൈയ്യടിച്ച് യൂത്ത് ഫ്രണ്ട് എം, അഭിനന്ദനവുമായി സോഷ്യല്‍ മീഡിയ

കോട്ടയം: കേരളത്തിലെ വനാതിര്‍ത്തിയിലെ ജനങ്ങളുടെ നിത്യജീവിത പ്രശ്‌നമായിരിക്കുന്ന വന്യജീവി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ അരിക്കൊമ്പന്‍ കേസില്‍ ഹൈക്കോടതിയില്‍ കക്ഷി ചേര്‍ന്ന കേരളാ കോണ്‍ഗ്രസ് എം ചെയര്‍മാന്‍ ജോസ്.കെ.മാണിയുടെ നടപടി അങ്ങേയറ്റം അഭിനന്ദനാര്‍ഹമാണെന്ന് യൂത്ത്ഫ്രണ്ട് എം സംസ്ഥാന ജനറല്‍ സെക്രട്ടറി ബിറ്റു വൃന്ദാവന്‍.

1972 ലെ വന്യജീവി സംരഷണനിയമം കാലഹരണപ്പെട്ടിരിക്കുന്നു. 50 വര്‍ഷം പഴക്കമുള്ള നിയമമാണ് ഇപ്പോള്‍ ഇക്കാര്യത്തില്‍ നിലനില്‍ക്കുന്നത്. മനുഷ്യര്‍ വനങ്ങളില്‍ കയറി കാടിനെയും മ്യഗങ്ങളെയും നശിപ്പിക്കാതിരിക്കാനാണ് നിലവിലെ നിയമം മുന്‍പ് നിര്‍മ്മിച്ചത്. പക്ഷേ ഇപ്പോള്‍ സാഹചര്യങ്ങള്‍ മാറി. മനുഷ്യര്‍ക്ക് വനാതിര്‍ത്തി പ്രദേശങ്ങളില്‍ സൈ്വര്യമായി ജീവിക്കാന്‍ കഴിയാത്ത അവസ്ഥ സംജാതമായിരിക്കുന്നു.
കാട്ടില്‍ നിന്നും വന്യമൃഗങ്ങള്‍ നാട്ടിലിറങ്ങി ചെയ്യുന്ന ആക്രമണങ്ങള്‍ പെരുകി. മനുഷ്യജീവനും കൃഷിയിടങ്ങള്‍ക്കും ഒരു സുരക്ഷിതത്വവുമില്ലാതെ ആയിരിക്കുന്നു. മൃഗങ്ങളുടെ ആക്രമണമുണ്ടാകുമ്പോള്‍ പ്രതിരോധത്തിനു ശ്രമിച്ചാല്‍ മനുഷ്യര്‍ ജയിലിലാകുന്നതാണ് നിലവിലെ നിയമം. ഇത് ക്രൂരമാണ്. മനുഷ്യസമൂഹത്തിന് ഉപകാരപ്രദമാകുംവിധം നിയമം പരിഷ്‌കരിച്ചാലേ ജനങ്ങള്‍ക്ക് ജീവിക്കാന്‍ കഴിയൂ.
കേന്ദ്ര – സംസ്ഥാന സര്‍ക്കാരുകള്‍ ഈ യാഥാര്‍ത്ഥ്യം മനസ്സിലാക്കണം. കാടിറങ്ങി വന്യമൃഗങ്ങള്‍ നാട്ടില്‍ ആക്രമണം നടത്തുമ്പോള്‍ നടപടികള്‍ വൈകുന്നത് ഒഴിവാക്കണം. ആക്രമണകാരികളായ മൃഗങ്ങളെ കണ്ടാലുടന്‍ വെടിവക്കാനാനുള്ള ഉത്തരവുണ്ടാകണം. ഇതിനായി വനം-പരിസ്ഥിതി വകുപ്പുകള്‍ വനാതിര്‍ത്തിയില്‍ ഉദ്യോഗസ്ഥരുണ്ടെന്ന് ഉറപ്പാക്കണം.
മൃഗങ്ങളുടെ ആക്രമണങ്ങളില്‍ സംഭവിക്കുന്ന നാശനഷ്ടങ്ങള്‍ക്കുള്ള നഷ്ടപരിഹാരം വേഗത്തില്‍ ദുരിതബാധിതര്‍ക്ക് ലഭ്യമാക്കാന്‍ നടപടി വേണം. ഇക്കാര്യങ്ങള്‍ പൊതുമണ്ഡലത്തില്‍ സജീവ ചര്‍ച്ചയാക്കാന്‍ പാര്‍ട്ടി ചെയര്‍മാന്‍ ജോസ് കെ.മാണി ഹൈക്കോടതിയിലെ കേസില്‍ കക്ഷി ചേര്‍ന്നതോടെ കഴിഞ്ഞുവെന്നും ബിറ്റു വൃന്ദാവന്‍ പറഞ്ഞു.

Leave a Reply

Your email address will not be published.