ലോക്‌സഭാ തെരഞ്ഞെടുപ്പിലേക്ക് രാജ്യം കടക്കാനൊരുങ്ങവേ പ്രധാനമന്ത്രി നരേന്ദ്രമോദി ഈസ്റ്റര്‍ ദിനത്തില്‍ ക്രൈസ്തവ ദേവാലയം സന്ദര്‍ശിച്ചത് വലിയ രാഷ്ട്രീയ വാര്‍ത്തയാവുന്നു. കേരളത്തിലടക്കം ക്രൈസ്തവ മതമേലധ്യക്ഷന്‍മാര്‍ ബിജെപിക്ക് അനുകൂലമായ പ്രസ്താവനകളുമായി രംഗത്തുവന്നതിന്റെ പശ്ചാത്തലത്തിലാണ് നരേന്ദ്രമോദി ഈസ്റ്റര്‍ ദിനത്തില്‍ ക്രൈസ്തവ ദേവാലയം സന്ദര്‍ശിച്ചിരിക്കുന്നത്. ഇതിന് ഏറെ രാഷ്ട്രീയ പ്രാധാന്യമുണ്ട്.
ഈസ്റ്റര്‍ ദിനത്തില്‍ ഡല്‍ഹി സേക്രഡ് ഹാര്‍ട്ട് കത്തീഡ്രലില്‍ ആണ് പ്രധാനമന്ത്രി നരേന്ദ്രമോദി സന്ദര്‍ശനം നടത്തിയത്. പ്രധാനമന്ത്രിയായ ശേഷം ഇന്ത്യയില്‍ ആദ്യമായാണ് നരേന്ദ്ര മോദി ഒരു ക്രൈസ്തവ ദേവാലയം സന്ദര്‍ശിച്ചത്.
ക്രൈസ്തവരെ പാര്‍ട്ടിയോട് അടുപ്പിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി ബിജെപി നേതാക്കള്‍ ക്രൈസ്തവ ആരാധനാലയങ്ങളും സഭ മേലധ്യക്ഷന്മാരെയും സന്ദര്‍ശിച്ചുവരികയാണ്. ഇതിന്റെ ഭാഗമായാണ് നരേന്ദ്ര മോദിയുടെ സന്ദര്‍ശനവും.
ക്രൈസ്തവ ദേവാലയത്തില്‍ 20 മിനിറ്റ് നേരം ചെലവഴിച്ച നരേന്ദ്ര മോദി എല്ലാവര്‍ക്കും ഈസ്റ്റര്‍ ആശംസ നേര്‍ന്ന ശേഷമാണ് മടങ്ങിപ്പോയത്. പള്ളിയില്‍ പ്രാര്‍ഥനയില്‍ പങ്കുചേര്‍ന്ന മോദി, ബിഷപ്പുമാര്‍ അടക്കമുള്ള പുരോഹിതര്‍ക്കും ഗായക സംഘത്തിനുമൊപ്പം ഫോട്ടോയ്ക്ക് പോസ് ചെയ്തു. മോദിയെ സ്വീകരിക്കാന്‍ ബിഷപ്പുമാര്‍ അടക്കം എല്ലാ പുരോഹിതന്മാരും സന്നിഹിതരായിരുന്നു.
ഡല്‍ഹി നഗരഹൃദയത്തിലെ പ്രധാന ക്രൈസ്ത ദേവാലയങ്ങളില്‍ ഒന്നാണിത്. പ്രാര്‍ഥനയ്ക്ക് ശേഷം പള്ളിമുറ്റത്ത് പ്രധാനമന്ത്രി ചെടി നട്ടു.
പ്രധാമന്ത്രിയുടെ സന്ദര്‍ശനത്തെ പുകഴ്ത്തി ഫരീദബാദ് രൂപതാ അധ്യക്ഷന്‍ മാര്‍ കുര്യാക്കോസ് ഭരണികുളങ്ങര രംഗത്തുവന്നു. പ്രധാനമന്ത്രിയുടെ സന്ദര്‍ശനം ഒരു നല്ല തുടക്കമാണെന്നും ഇത് ക്രിസ്ത്യന്‍ ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് ആത്മവിശ്വാസം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, പ്രധാനമന്ത്രി ഡല്‍ഹിയിലെ കത്തീഡ്രല്‍ സന്ദര്‍ശിച്ച സംഭവത്തെ വിമര്‍ശിച്ച് സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ രംഗത്തെത്തി. പ്രധാന മന്ത്രിമാരുടെ ചരിത്രത്തില്‍ ആദ്യമായാണ് ഇങ്ങനെയൊരു സന്ദര്‍ശനം. ബിജെപി അനുകൂല പ്രസ്താവനകള്‍ ക്രിസ്ത്യന്‍ മത മേധാവികളുടെ ഭാഗത്ത് നിന്ന് തുടര്‍ച്ചയായി വന്നു കൊണ്ടിരിക്കുകയാണ്. ഇത്തരം പ്രസ്താവനകളുടെ അടിസ്ഥാനമെന്തെന്ന് ഗൗരവമായി കാണണം. മറ്റ് സംസ്ഥാനങ്ങളില്‍ ഈ വിഭാഗത്തിന് നേരെ നടക്കുന്ന ആക്രമണം കാണാതെ പോകരുതെന്നും അദ്ദേഹം പറഞ്ഞു.